Monday, April 26, 2010

അതെവിടെ?

രംഗം ഒന്ന് 

പതി ദേവന്‍ പതിവ് പോലെ തിരക്കിലാണ് .... എട്ടേ മുക്കാല് വരെയുള്ള പത്രം വായന കഴിഞ്ഞ് ഒന്‍പതു മണിക്കുള്ളില്‍ ഉള്ള പതിനഞ്ചു മിനിട്ട് കൊണ്ട് റെഡി ആയാലെ ഒന്പതെ അഞ്ചിനുള്ള ബസ്‌ കിട്ടുകയുള്ളൂ .. എന്നാലേ ഒന്പതരക്കുള്ളില്‍ കാര്‍ഡ് സ്വൈപ്പാന്‍ പറ്റുകയുള്ളൂ... അവിടന്ന് പുറപ്പെടാന്‍ എത്ര വൈകിയാലും ഓഫീസില്‍ എത്താന്‍ ഒരിക്കലും വൈകാത്ത വിശ്വസ്ത സേവകന്‍..

ഈ പതിനഞ്ചു മിനിറ്റ് അടുക്കളയിലും തകൃതി പണി.. ഒരടുപ്പില്‍ ദോശ.. മറ്റേതില്‍ സാംബാര്‍... ഹേയ്... ചായ ഇപ്പോഴല്ല! കുളി കഴിഞ്ഞ് പ്രാര്‍ത്ഥിക്കാന്‍ പോകുമ്പോഴേ ചായ വയ്ക്കാവൂ.. എന്നാലേ ദോശക്കൊപ്പം ആവി പറക്കുന്ന ചായ കൊടുക്കാന്‍ പറ്റുള്ളൂ... ഇനി ചൂടെങ്ങാനും കുറഞ്ഞാല്‍ "എടോ.. ചായക്ക് നേരിയൊരു പനി.. പാരസെറ്റമോള്‍ വേണ്ടി വരും!" അല്ലെങ്കില്‍ "നീയിതു വെയിലത്തെങ്ങാനും വച്ചിരുന്നോ .. ഇതിനെന്താ ഒരു ചെറിയ ചൂട്" എന്നൊക്കെ കേള്‍ക്കേണ്ടി വരും ...

എടോ.. അതെവിടെയാ .... കുളി കഴിഞ്ഞു പ്രാര്‍ത്ഥനയും കഴിഞ്ഞു പുറപ്പെടുകയായി.. എന്നത്തെയും പോലെ ഈ "അത്" മനസ്സിലുണ്ട് .. ഞാനത് മാനത്തു കാണണം...!!!

ഏത്?

അതെടോ.....ആ അത്..

ങ്ഹൂം... ഒരു പിടിയുമില്ല ... ഏതായാലും പോയി നോക്കാം.. ചായപ്പണി അവിടെ നിര്‍ത്തി...

ഒരു ഷര്‍ട്ട്‌ കയ്യില്‍ പിടിച്ചിട്ടുണ്ട് .. അപ്പോപിന്നെ ഷര്‍ട്ട് അല്ലായിരിക്കും തിരയുന്നത് .. എന്ന് ഞാന്‍ ഊഹിച്ചു...

സോക്സ്‌ ആണോ തിരയുന്നത്?

അല്ലെടോ, മറ്റേ അത് എവിടെ? ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ തിരക്കിട്ട തിരച്ചിലിലാണ് പാവം.. ഇനി ഏതാനും നിമിഷങ്ങള്‍ മാത്രം... ഒന്പത്തെ അഞ്ചിന്റെ ബസ്‌ ഇപ്പോഴെത്തും ...

ഓ.. എങ്കില്‍ പിന്നെ പാന്‍റ് ആയിരിക്കും ..കയ്യിലുള്ള ഷര്ട്ടിനു മാച്ചു ചെയ്യുന്ന ഒരു പാന്റെടുത്തു നീട്ടി..

അത് കയ്യില്‍ നിന്നും പിടിച്ചു വാങ്ങി തിരിച്ചു അലമാരയില്‍ തന്നെ വച്ചു, എന്നിട്ട് ദഹിപ്പിക്കുന്ന ഒരു നോട്ടം!

ഇതല്ലെടോ! മറ്റേ അത്! .... ശബ്ദത്തിന് അല്‍പ്പം കട്ടി കൂടിയോ?

ദൈവമേ... ഞാന്‍ സഹായിച്ചതല്ലേ?

ങാ കിട്ടി!

ദേ.. കയ്യില്‍ വേറൊരു ഷര്‍ട്ട് ..

അപ്പോ ഷര്‍ട്ടല്ലേ കയ്യില്‍ ഉണ്ടായിരുന്നത്? പിന്നെന്താ?

അല്ല... ഇന്ന് അതല്ല ഇതാണ് വേണ്ടത്!

“ചായ എടുത്തു വച്ചല്ലോ അല്ലെ?”

അയ്യോ ഇല്ല ....ഞാന്‍ ഷര്‍ട്ട് തിരയാന്‍ വന്നപ്പോ സ്റ്റവ് ഓഫാക്കി!

എന്നിട്ട് നീയാണോ കണ്ടുപിടിച്ചത് .. ഞാനല്ലേ?

ഇത് പഴയ കഥ !

രംഗം രണ്ട്


പശ്ചാത്തലം അത് തന്നെ .... പത്രം തലേക്കെട്ട് മുതല്‍ ലാസ്റ്റ് പേജിലെ ലാസ്റ്റ് ന്യൂസ്‌ വരെ വായിച്ചു കഴിഞ്ഞു... ഇനിയുള്ള തിരക്ക് പിടിച്ച ആ പതിനഞ്ചു മിനിട്ടുകള്‍ ... പതിവുകളിലൊന്നും ഒരു വീഴ്ചയുമില്ല !!

എടോ .. അതെവിടെ?

ഇപ്രാവശ്യം അനങ്ങിയില്ല! ചിരിച്ചു കൊണ്ട് പറഞ്ഞു... ങാ അതല്ലേ? അത് അവിടെയുണ്ടല്ലോ.. ഞാന്‍ പുട്ടുങ്കുറ്റിയില്‍ തേങ്ങയിട്ടു തുടങ്ങി ... ഇന്നത്തെ "അത്" എന്താണെന്നും എനിക്കറിയില്ല!

ഇത്തവണ ഞെട്ടിയത് ഞാനല്ല!! “ഏത്?” ചോദ്യം എന്നോടാണ്!

ഞാനും വിട്ട് കൊടുത്തില്ല .. പുട്ടുങ്കുറ്റിയില്‍ അരിപ്പൊടിയിട്ട് കൊണ്ട് ഞാന്‍ പറഞ്ഞു "ആ അതല്ലേ .. മറ്റേ അത് .. അത് അവിടെ വച്ചിട്ടുണ്ട് ...ആ അതിന്റെ മോളില്!!

വീണ്ടും തേങ്ങയിട്ടു കൊണ്ട് ഞാന്‍ ആ രംഗം ഭാവനയില്‍ കണ്ടു.. ആ റൂമിലെ എല്ലാ "മുകള്" കളും തിരയുന്ന പതിദേവന്‍..!..

മറ്റേ അടുപ്പത്തു ചായയുടെ വെള്ളം തിളക്കുന്നു ..

ങാ കിട്ടി!

ഞാന്‍ പറഞ്ഞില്ലേ അവിടെയുണ്ടെന്ന്!...

ചൂടുള്ള പുട്ടും കടലയും റെഡി ... ആവി പറക്കുന്ന ചായയും റെഡി... അതെ സമയം ആ "അത്" തിരയാന്‍ സഹായിക്കുകയും ചെയ്ത ഉത്തമ ഭാര്യ!!!

സത്യമായിട്ടും ഈ "അത്" എന്തായിരുന്നൂന്നു എനിക്കിപ്പോഴും അറിയില്ല ...

വിവര്‍ത്തനം: http://ranjusanju.blogspot.com/2009/11/athevide.html

Tuesday, April 13, 2010

Happy Vishu!



"Adharam madhuram vadanam madhuram
Nayanam madhuram hasitam madhuram
 Hrdayam madhuram gamanam madhuram
 Madhuraadhipaterakhilam madhuram"


Wishing you all a happy and prosperous Vishu!