അത് വാഴയിലയില്‍ പൊതിയണം.. ആ പാത്രം വനജടെ വീട്ടിലേക്കാണ് ... പുഷ്പേ.. ഇതൊന്നു കവറിലാക്കി കൊടുക്ക് ...
അടുക്കളയില്‍ ബിരിയാണി പൊതിയല്‍ തകൃതി!
പുറത്ത് പന്തല്‍ പിരിക്കലും ബഹളവും!
പുയ്യാപ്ല അനുജന്മാരും കൂട്ടുകാരുമൊത്ത് സൊറ പറഞ്ഞിരിക്കുന്നു ...
ഒറ്റയ്ക്കായ പോലെ ഇരിക്കുമ്പോഴാണ് പദ്മ രക്ഷയ്ക്കെത്തിയത് ... ഇത് പുഷ്പ്പെളേമ.. ഇത് ബേബിയെളേമ.. പൊന്നു.. വിദ്യ..അവള്‍ ഓരോരുത്തരെയായി പരിചയപ്പെടുത്തി... ആരും പറയില്ല അവള്‍ ഒരു മറാത്തിയാണെന്നും ആ കുടുംബത്തിലെത്തിയിട്ട് മൂന്നു മാസമേ ആയിട്ടുള്ളൂ എന്നും. അത്ര പെട്ടെന്ന് മലയാളവും മത്തിക്കറിയും എല്ലാം അവള്‍ വശത്താക്കി കഴിഞ്ഞിരുന്നു...
നമുക്ക് അമ്മച്ചിയോട് വര്‍ത്താനം പറഞ്ഞിരിക്കാം ...
അമ്മച്ചി ഒരു സോഫയിലിരുന്നു TV കാണുകയായിരുന്നു .. ഞങ്ങള്‍ അമ്മച്ചിയുടെ വലതും ഇടതുമായി ഇരുന്നു. മൂന്നു മാസങ്ങളുടെ വ്യത്യാസത്തില്‍ ആ വീട്ടിലെ മരുമക്കളായവര്‍...
"അമ്മച്ചി എന്താ ആലോചിക്കുന്നത്?"
"ഈ വീടിനു വലുപ്പം പോര .. മൂന്നു കിടപ്പ് മുറിയല്ലേ ള്ളൂ.. പാവം കുഞ്ഞോന്‍.. സോഫയില്‍ കിടക്കണ്ടേ ഇന്ന്? നമ്മടെ കടലുണ്ടീലെ വീട്ടില് തോനെ മുറി ണ്ട് .. പറഞ്ഞിട്ടെന്താ കാര്യം.. ഓരോരുത്തര് ഓരോ ദിക്കിലല്ലേ?"
"അമ്മച്ചിക്കെത്ര മക്കളുണ്ട്?"
അമ്മച്ചി ഓരോരുത്തരെയായി പറഞ്ഞു... എല്ലാം കിറുകിറുത്യം .. ഞങ്ങളോട് പതിദേവന്മാര്‍ പറഞ്ഞതും അന്ന് കല്യാണത്തിനു കണ്ടവരും ... പക്ഷെ അവസാനം ഒരു "ചെറിയ മോന്റെ" കാര്യം പറഞ്ഞത് മനസ്സിലായില്ല..
"ഓനെപ്പഴും തെരക്കാ.. ചായപ്പൊടിക്കച്ചോടാണ് പണി..."
ഞങ്ങള്‍ പരസ്പരം നോക്കി.. ഒരു പിടിയുമില്ല ..
"ഇന്ന് കല്യാണത്തിനു വന്നിരുന്നോ അമ്മച്ചി?"
"ഓനെങ്ങന്യാ വര്വാ... ഓന്‍ ജയിലിലല്ലേ?"
"ജയിലിലോ? അതെന്തേ?"
"അത് ശേഖരന്റെ കയ്യ് വേട്ടീലെ? അതോണ്ടാ... ആ ശേഖരന്‍ ഒരു ചവണയാണ് .. അതോണ്ട് ന്‍റെ മോന്‍ ഓന്റെ കയ്യങ്ങുട്ട് വെട്ടി!"
ഈശ്വരാ..! നല്ല കുടുംബം .. വെറുതെയല്ല ഇവര്‍ നമ്മളോട് ഈ കഥ ഒളിച്ചു വച്ചത്... ന്റുപ്പുപ്പാന്‍റെ ആനക്കഥകളൊക്കെ പറഞ്ഞ അവര്‍ ഇത് മനപ്പൂര്‍വം നമ്മളോട് പറഞ്ഞില്ല!!! ഞങ്ങളങ്ങനെ സംസാരിച്ചിരിക്കുമ്പോള്‍ കുഞ്ഞോന്‍ അവിടേക്ക് വന്നു.
അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ ചോദിച്ചിട്ട് തന്നെ കാര്യം!
"ഏതു ചെറിയ മോന്‍?.. ചായപ്പൊടിക്കച്ചോടോ?"എനിക്കറിയില്ലല്ലോ ?
ഞങ്ങള്‍ പിന്നെയും വിട്ടില്ല.. ആ "ഭീകര സത്യം" പുറത്തെടുത്തു ..
ഒരു ഞെട്ടല്‍ പ്രതീക്ഷിച്ച ഞങ്ങളെ അവന്‍ ഞെട്ടിച്ചു ... വീണുരുണ്ട് ചിരിക്കാന്‍ തുടങ്ങി എല്ലാവരും ..
"ചേച്ചി.. ആ മോന്റെ പേരൊന്നു ചോദിക്ക് അമ്മച്ചിയോട്..!"
അത് കേട്ട പാതി അമ്മച്ചി പറഞ്ഞു "നീലകണ്ടന്‍!"
കുഞ്ഞോന്‍ അത് മുഴുമിപ്പിച്ചു .. "മംഗലശ്ശേരി നീലകണ്ടന്‍!"
അമ്മച്ചി "ദേവാസുരം" ഒരു പത്ത് മുപ്പതു പ്രാവശ്യം കണ്ടിട്ടുണ്ടാവും .. അതിനെങ്ങനെയാ മാമന്‍ ലാലേട്ടന്റെ സിനിമ കാസെറ്റുകള്‍ ശേഖരിച്ചു വച്ചിരിക്കുകയല്ലേ... മാമനൊരു അടിപൊളി ലാലേട്ടന്‍ ഫാന്‍ ആണ്..
പിന്നീടൊരിക്കല്‍ അമ്മച്ചി ഒരു വരിക്കച്ചക്ക ആരെയും തൊടാന്‍ സമ്മതിക്കാതെ വച്ചിരുന്നു.. നീലകണ്ടന് കൊടുക്കാന്‍ ... മോന്‍ രാമനാട്ടുകരയില്‍ ഷൂട്ടിങ്ങിന് വന്നിട്ടുണ്ടെന്നും പോയി കൊടുക്കാമെന്നും പറഞ്ഞത് കൊണ്ട് മാത്രം അമ്മച്ചി പേരക്കുട്ടികള്‍ക്ക് സമ്മതം കൊടുത്തത്രേ... അമ്മയൊരിക്കല്‍ വാങ്ങികൊടുത്ത മുണ്ട് ആവശ്യമില്ലെന്ന് പറഞ്ഞു നീക്കി വച്ചുവത്രേ .. പിന്നെ അതും മോന്‍ കൊടുത്തയച്ചതാനെന്നു പറയേണ്ടി വന്നു അമ്മയ്ക്ക്..
അമ്മച്ചിയിലും അമ്മച്ചിയുടെ മക്കളിലും അവസാനിക്കുന്നില്ല ഈ ഭ്രമം!
മൂന്നാം തലമുറയിലാണ് ഏറ്റവും കൂടുതല്‍ ... ലാലേട്ടന്റെ കാലഘട്ടത്തില്‍ ജീവിക്കുന്നത് തന്നെ മഹാഭാഗ്യം എന്ന് വാദിച്ചു ജയിക്കുന്നവര്‍!
അന്ന് ഒരു വിവാഹക്ഷണക്കത്ത് ഡിസൈന്‍ ചെയ്യുകയായിരുന്നു പദ്മ..
"മധുവേട്ടാ .. നിങ്ങള്‍ ആരാധിക്കുന്ന ദൈവം ആരാണ്?"
"മോഹന്‍ ലാല്‍"... ഉത്തരം ശടേന്ന് വന്നു!
"അയ്യോ അതല്ല.. ദൈവം.. ഈ കല്യാണക്കത്തിന്റെ ആദ്യം ഇടാനാ.. ഗണപതിയാണെങ്കില്‍ "ഗണപതയേ നമ:"... ശിവനാണെങ്കില്‍ "നമശിവായ".. ദേവിയാണെങ്കില്‍ "അമ്മേ നാരായണ" അതുപോലെ ...
"ഓ പഞ്ച് ലൈന്‍! ങ്ങള് - നീ പോടാ മോനെ ദിനേശാ ന്ന് ഇട്ടോ .. അല്ലെങ്കില്‍ സവാരി ഗിരി ഗിരി..
ഒരു കൂട്ടച്ചിരിയില്‍ ആ ഡിസൈനിംഗ് അവസാനിച്ചു .. കത്തിലെന്തടിച്ചു എന്നോര്‍മ്മയില്ല!
അവിടെയും അവസാനിക്കുന്നില്ല ...
അവധിക്കാലം കഴിഞ്ഞ് പോണ്ടിച്ചേരിയിലേക്ക് വരുന്ന തീവണ്ടിയില്‍ കുറെ നഴ്സിംഗ് വിദ്യാര്‍ഥിനികള്‍.. അവരേതോ സെമിനാറില്‍ പങ്കെടുക്കുവാന്‍ വരുകയായിരുന്നു..
"കുട്ടാ .. നീ ഏതു ക്ലാസ്സിലാ?"
"ഞാന്‍ ഒന്നാം ക്ലാസ്സില്‍"
"പോണ്ടിച്ചേരിയില്‍ തമിഴല്ലേ .. നിനക്ക് വിജയ് ആണോ രജിനിയാണോ ഇഷ്ടം?"
"എനിക്ക് നരന്‍!"
"ഓ.. നരൈന്‍ .."... എന്‍റെ ഖല്‍ബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ ... അവരില്‍ ചിലര്‍ പാടി തുടങ്ങി.
"നരൈനേം ഇഷ്ടാണ്.. പക്ഷെ ഞാന്‍ പറഞ്ഞത് നരന്‍..."
ഓ ഓ ഓ ...ഞാനൊരു നരന്‍.. പുതു ജന്മം നേടിയ നരന്‍... അവനും തിരിച്ചു പാടി..
"അതെന്താ മമ്മുട്ടി അങ്കിളിനെ ഇഷ്ടല്ലാ?"...
"ഇഷ്ടാണ് .. പക്ഷെ നരന്റെ മസ്സില് കണ്ടിട്ടുണ്ടോ?".. ഇങ്ങനെ.. അവന്‍ സര്‍വ്വ ശക്തിയുമെടുത്തു അവന്റെ കൈ മടക്കി മസ്സില് പെരുപ്പിക്കാന്‍ ശ്രമിച്ചു...
പുത്രന്റെ മനസ്സില്‍ ഈ ആരാധന പൊട്ടി മുളച്ചത് അത് വരെ അറിവില്ലാതിരുന്ന ഞങ്ങള്‍ പരസ്പരം നോക്കി ...
മകനായി... സുഹൃത്തായി ... ജ്യേഷ്ടനായി... ഗുരുവായി.. നാലു തലമുറയെ കയ്യിലെടുത്ത ആറാം തമ്പുരാന്‍!
15 comments:
പണ്ട് സൗദിയില്‍ നിന്നു മുപ്പതു ദിവസത്തെ അവധിക്കു ചെല്ലുമ്പോള്‍ ആദ്യം ചെയ്യുന്നത് സിനിമ കാണുക എന്നതു തന്നെ അതും മോഹന്‍ ലാല്‍ പടം അപ്പോള്‍ വീട്ടിലുള്ള കുഞ്ഞൂട്ടി പരാധീനമെല്ലാം സെക്കണ്ട്ഷോക്ക് പോകാന്‍ റേഡീആയി മുന്നില്‍ കാണും ..
അങ്ങനെ മോഹന്‍ ലാല്‍ പടം കണ്ട് ഇരിക്കുന്നു ഉഗ്രന്‍ ഇടിസീന്‍ {അങ്ങളയുടെ മോള്‍ അതിഭയങ്കര മോഹന്‍ലാല്‍ ഫാന്‍ വയസ്സ് മൂന്നില്‍ താഴെ }അപ്പോള്‍ ആരോ മോഹന്‍ ലാലിനെ അടിക്കുന്നു അവള്‍ ഒറ്റ കൂവലും കരച്ചിലും "ന്റെ മോന്‍ലാലിനെ അടിക്കല്ലേ"ന്ന് അവിടം മുഴുവന്‍ കൂട്ടചിരിയായി...
സംഗതി ഇതൊക്കെ ആണെലും മോഹന്‍ ലാല്‍ ഇന്നും സൂപ്പര്‍ സ്റ്റാര്‍ തന്നെ സംശയമുണ്ടെങ്കില്‍ "ഉന്നൈപോലൊരുവന്‍ "കണ്ടു നോക്ക്..
ഹോ! ആ അമ്മച്ചിയെ എനിക്ക് അങ്ങ് ഇഷ്ടായി ഒത്തിരി ഒത്തിരി
ഇതിലൊരു കമന്റിട്ടാൽ.. കമന്റിടാം ഇല്ലെ.. “ലാലേട്ടനെ”പ്പോലെ, ദുർമ്മാർഗ്ഗിളേയും വഞ്ചകന്മാരെയും തല്ലിക്കൊല്ലുന്ന ഒരു സമൂഹ ഹീറോ ആകണമെന്നായിരുന്നു എന്റെ ചെറുപ്പത്തിലെ ആഗ്രഹം . പക്ഷെ വെറുതെ എന്തിനാ ഗ്ലാമർ കളയുന്നെ എന്നു വീണ്ടു വിചാരമുണ്ടായി.. മുംബൈയിലെത്തിയപ്പോൾ പിന്നെ സാക്ഷാൽ നമ്മുടെ അമിതാബ്ജി ആയി ഹീറോ.. ഷഹൻഷാ ആയി കുറെ വിലസി.. എന്നാലും ലാലേട്ടനെ എനിക്കിഷ്ട്ടമാ.. പക്ഷെ ഒരു കാര്യം പറയട്ടെ.. ഇതൊന്നും ലാലേട്ടന്റെ സ്വന്തം കഴിവല്ല.. അദ്ദേഹത്തിന്റെ അമ്മയെ ശ്രദ്ധിച്ഛിട്ടുണ്ടോ? എന്താ ആ അമ്മയുടെ ഐശ്വര്യം.. അങ്ങനെയുള്ള ഒരമ്മയുടെ മകൻ ഇത്രയും ഉന്നതങ്ങളിൽ എത്തിയില്ലെങ്കിലെ അദ്ഭുതമുള്ളൂ.. മാണിക്യാമ്മ പറഞ്ഞതു പോലെ ഇതിലെ അമ്മൂമ്മയെ എനിക്കങ്ങ് ഒത്തിരി ഇഷ്ട്ടായി.. പിന്നെ .. പിന്നെ.. ലാലേട്ടനേയും.. ഹി ഹി..
അപ്പോ ഈ ബ്ലോഗർക്ക് മനസ്സിൽ തട്ടുന്ന, കണ്ണുകളെ ഈറനണിയിക്കുന്ന പോസ്റ്റ് പോലെ തന്നെ നർമ്മ രസം തുളുമ്പുന്ന പോസ്റ്റും വഴങ്ങും..
വീണ്ടും വായിച്ചു...
രസികൻ പോസ്റ്റാ!
ഇപ്പോഴത്തെ കുറെ സിനിമകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഞാനിപ്പോഴും ഭയങ്കര ലാല്‍ ഫാന്‍ തന്നെയാ.അപ്പോള്‍ പിന്നെ ഈ ആറാം തമ്പുരാന്‍ പോസ്റ്റെങ്ങനെ ഇഷ്ടപ്പെടാതിരിക്കും.:)
അടുത്ത കാലത്ത് ഇറങ്ങിയ കുറച്ചു ചിത്രങ്ങള്‍ നിരാശപ്പെടുത്തിയെങ്കിലും മോഹന്‍ ലാലിന് പകരം മോഹന്‍ ലാല്‍ മാത്രം. അദ്ദേഹത്തെ നായകനാക്കി എഴുതിയ ഈ ലിഖിതം നന്നേ ബോധിച്ചു.
മകനായി... സുഹൃത്തായി ... ജ്യേഷ്ടനായി... ഗുരുവായി.. നാലു തലമുറയെ കയ്യിലെടുത്ത ആറാം തമ്പുരാന്‍! :)
മോഹന്‍ലാലിന്റെ പഴയ ചിത്രങ്ങളില്‍ ലാളിത്യമുണ്ടായിരുന്നു. പ്രത്യേകിച്ച് സത്യന്‍ അന്തിക്കാടിന്റെ പടങ്ങളില്‍ ... ചെങ്കോലിന് ശേഷം മീശ പിരിക്കാന്‍ തുടങ്ങിയതോടെ ആ ലാളിത്യം അദ്ദേഹത്തിന് കൈമോശം വന്നു. പിന്നീട് അത് അല്‍പ്പമെങ്കിലും കണാനായത് തന്മാത്രയിലായിരുന്നു.
കൊള്ളാം... ഇത് ലാലേട്ടന്‍ ഫാന്‍സിനു അയച്ചു കൊടുക്കാം.!
കൊള്ളാം ആശംസകള്‍:....
ഈ അമ്മച്ചിയെപ്പോലൊരു അമ്മച്ചി ഞങ്ങള്‍ക്കുമുണ്ടായിരുന്നു. മോഹന്‍ലാലിനെ ആരെങ്കിലും ഇടിക്കുമ്പോള്‍ അയാളെ ചീത്ത പറയുകയും തിരിച്ചു ഇടിക്കാന്‍ പ്രേരിപ്പിച്ചു കൊണ്ട് തിയേറ്ററില്‍ ഇരുന്നു ബഹളം വെക്കുകയും ഒക്കെ ചെയ്യുമായിരുന്ന, 'മനസ്സിനക്കരയിലെ' വലിയമ്മച്ചിയെ പോലൊരു അമ്മച്ചി.
അങ്ങിനെ പ്രത്യേകിച്ചു ആരുടേയും 'ഫാന്‍' ഒന്നുമല്ലെങ്കിലും നല്ല മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഒക്കെ കാണാറുണ്ട്.
ഇതു മറ്റൊരു മാര്‍ ക്കറ്റിങ്ങ് തന്ത്രമാണോ ? കച്ചവട പരസ്യങ്ങളില്‍ സിനിമാ താരങ്ങളെ കാണിക്കുന്നതു പോലെ. മോഹന്‍ ലാലിനെ വെച്ചു അദ്ദേഹത്തിന്റെ ഫാന്‍ സിനെയെല്ലാം ആകര്‍ ഷിച്ചല്ലോ.. (തമാശയാണു, കേട്ടോ) വളരെ നന്നായിരിക്കുന്നു. അമ്മമ്മമാരും മോഹന്‍ ലാലും എല്ലാര്‍ ക്കും സ്വീകാര്യമായ വിഷയമാണെന്നു ഒന്നു കൂടി അടിവരയിട്ടു കാണിച്ചു.
സവാരി ഗിരി ഗിരി...............
സത്യം ചേച്ചി... ഇതാ ഇവിടെ എന്റെ മോനും..ലാലങ്കിള്‍ ഇടിയ്ക്കുമ്പോള്‍ ഇവിടെ കിടന്നു കുത്തിമറിയും.. ഇടി വാങ്ങുമ്പോള്‍ കരയും..
അപ്പോള്‍ ഇതു വരെ ഗ്ലാമര്‍ കളഞ്ഞിട്ടില്ല ല്ലേ?..
പിന്നെ അമ്മ... ഐശ്വര്യമുള്ള എല്ലാ അമ്മമാര്‍ക്കും ഇങ്ങനെ തമ്പുരാന്‍ മക്കളുണ്ടോ?.. ദൈവാനുഗ്രഹം, പ്രതിഭ, തലവര, അദ്ധ്വാനം... എല്ലാം ഈ പറഞ്ഞ ഐശ്വര്യത്തിനൊപ്പം വേണം..
നന്ദി ജയേട്ടാ..
നന്ദി റോസ്..സന്തോഷ്..നീലത്താമര..
ശരിയാണ്.. ഒരു "മോഹന്‍ലാലിന്റെ" യൊന്നും ആവശ്യമില്ലായിരുന്ന ചില സിനിമകള്‍ (റോക്ക് &റോള്‍..ഹലോ...തുടങ്ങി ചിലത്) ഇടക്കാലത്ത് നിരാശപ്പെടുത്തി... പക്ഷെ മീശപിരി... അതിനു കുറെ ആരാധകരില്ലേ.. എന്റെ മോന് "നിന്നിഷ്ടം എന്നിഷ്ടം" സിനിമയിലെ പോലെ അടി വാങ്ങുന്ന ലാലങ്കിളിനെക്കാളും... വില്ലന്റെ മുഖം പരത്തി അടി കൊടുത്തിട്ട്..സ്ക്രീനിലേക്കു നോക്കി "ചുമ്മാ" ന്നു പറഞ്ഞ് കണ്ണിറുക്കി കാണിക്കുന്ന ലാലങ്കിളിനെയാണിഷ്ടം... സ്ഫടികത്തിലെയും, ദേവാസുരത്തിലെയും, ആറാം തമ്പുരാനിലെയും മീശപിരി കഥയ്ക്കു വേണ്ടിയായിരുന്നു.. പിന്നീട് മീശപിരിയ്ക്കു വേണ്ടി കഥകള്‍ വന്നപ്പോള്‍ തികട്ടിത്തുടങ്ങി..!.. ഇതു എനിയ്ക്കു തോന്നിയതാണേ..!
b Studio.. അതെന്നെ!!
കൊച്ചുരവി.. കുഞ്ഞൂസ്..Aslam.Padinharayil..
നന്ദി..
ആളവന്താന്‍.. രവിയങ്കിള്‍..
ഈ ബ്ലോഗ് എന്റെ ഇംഗ്ലീഷ് ബ്ലോഗിലിടുമ്പോള്‍... ഏതെങ്കിലും ഒരു ഫാന്‍ അല്ലെങ്കില്‍ അറിയുന്ന ആള്‍... അമ്മച്ചിയ്ക്കു ദൂരത്ത് നിന്നെങ്കിലും കാണുവാനുള്ള സൗകര്യം ചെയ്തു കൊടുത്തിരുന്നെങ്കില്‍ എന്ന അത്യാഗ്രഹം ഉണ്ടായിരുന്നു.. പക്ഷെ അതെഴുതി ഒരു മാസം തികയുന്നതിനു മുന്‍പു അമ്മച്ചി ജീവന്‍ വെടിഞ്ഞു...
മൈത്രേയിച്ചേച്ചി പറഞ്ഞതു കൊണ്ട്.. തര്‍ജ്ജമ ചെയ്തൂന്നു മാത്രം..
Post a Comment