Friday, May 11, 2012

സന്ദീപ്‌

നവമ്പര്‍ 26, 2008

ഈശ്വരന്‍ എനിക്കൊരു മകളെ തന്നനുഗ്രഹിച്ച ദിവസം...

ICU വിലെക്കു നനഞ്ഞു വിറച്ച് കേറി വന്ന നഴ്സിനോട് എന്തു പറ്റിയെന്നു ചോദിച്ചു.
തെരിയലയാ?.. ഇന്നിക്കു പാണ്ടിച്ചേരീലെ നിഷാപ്പുയല്‍ അടിച്ചിരിച്ച്... ഒരേ മഴൈ!  എന്‍ കുടൈ പറന്തുടുച്ച്!

പണ്ടാറം!! ഈറ്റിങ്ങള്‍ക്ക് വേറെ പേരു കിട്ടീലെ എന്നു പിറുപിറുത്ത് ഞന്‍ തിരിഞ്ഞു കിടന്നു.  അവളെന്റെ ചാര്‍ട്ടെടുത്ത് എന്റെ പേരു നോക്കി എന്നിട്ടു പൊട്ടിച്ചിരിച്ചു...

മലയാളിയാണോ? ചമ്മല്‍ മറച്ചു ചോദിച്ചു...  അതെ എന്നവള്‍ മറുപടിയും പറഞ്ഞു.

അല്ലെങ്കിലും ഏതു നാട്ടില്‍ പോയാലും ഈ മാലാഖമാരില്‍ അധികവും മലയാളിക്കുട്ടികള്‍ തന്നെ ആയിരിക്കുമെന്ന് ഓര്‍ത്തില്ല.

ഇന്നത്തെ ദിവസം സംഭവ ബഹുലമാണ് ചേച്ചീ.  മുംബൈ താജില്‍ തീവ്രവാദി ആക്രമണം നടന്നിരിക്കുന്നു.

അതെയോ? എന്തെങ്കിലും ആളപായം? പത്രമൊന്നു കിട്ടാന്‍ വഴിയുണ്ടോ?

നാളെ ഡ്യൂട്ടിയില്‍ നിന്നിറങ്ങീട്ടു സംഘടിപ്പിച്ചു തരാം.. അപ്പൊഴേയ്ക്കും ചേച്ചിയെ റൂമിലേക്കും മാറ്റും..

റൂമിലെത്തിയപ്പോള്‍ ആകെ ചൂടും... എല്ലവരും കുഞ്ഞിനു ചുറ്റുമാണ്..

ഇതെന്താ ആരും ഫാന്‍ ഇടാത്തെ?

ഇവിടെ ഇന്നലെ രാവിലെ മുതല്‍ പവര്‍ ഇല്ലായിരുന്നു മോളേ.. ആ ബെഡ്ഡില്‍ മനോരമയും മാതൃഭൂമിയുമൊക്കെയുണ്ട് എടുത്ത് വീശിക്കോ!

എല്ലാ പത്രങ്ങളുമുണ്ട് .. വെറുതേ ഒന്നു കണ്ണോടിച്ചു പോയി എല്ലാത്തിലും മുംബൈ അക്രമണം.. അതിന്റെ ചിത്രങ്ങള്‍.  അപ്പോഴാണ് മലയാളിയായ മേജര്‍ സന്ദീപിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് കണ്ടത്.

മേജര്‍ എന്നതോ, ഇന്ത്യന്‍ എന്നതോ, മലയാളി എന്നതോ ഒന്നുമായിരുന്നില്ല എന്റെ മനസ്സില്‍, എന്നെപ്പോലെ ഒരു അമ്മയുടെ മകന്‍.. ഏക മകന്‍.  ധീരനായിട്ടാണ് അവന്‍ തന്റെ ജീവന്‍ നാടിനു വേണ്ടി അര്‍പ്പിച്ചതെങ്കിലും ആ അമ്മയ്ക്കു അവരുടെ മകനെ നഷ്ടമായിരിക്കുന്നു.  മുറിയില്‍ അപ്പോഴും ബഹളമാണ്... കുഞ്ഞിവാവയെ കളിപ്പിക്കുന്ന മകന്‍ അവന്റെ സന്തോഷം കണ്ട് ചിരിക്കുന്ന കുടുംബാംഗങ്ങള്‍.  ഇതുപോലെയൊക്കെ അന്നു ഈ പയ്യന്‍ ജനിച്ചപ്പോഴും അവര്‍ ആഹ്ലാദിച്ചിട്ടുണ്ടാവില്ലേ.  അവന്റെ ഓരോ ജീവിത ഘട്ടത്തിലും സ്വപ്നങ്ങള്‍ മെനഞ്ഞ് ഇത്രയും വലുതാക്കി പെട്ടെന്നൊരു നിമിഷം കൊണ്ട് ആ കാപാലികന്മാര്‍ അവരുടെ മകനെ..........  അടുത്ത ദിവസങ്ങളില്‍ അവരുടെ വാര്‍ത്തകള്‍ നിറഞ്ഞു നിന്നു.  പതാക പുതച്ചു കിടത്തിയിരിക്കുന്ന മകന്റെ മുഖത്തേക്കു നിസ്സഹായതയോടെ നോക്കി നില്‍ക്കുന്ന അമ്മയുടെ ചിത്രം കണ്ടപ്പോള്‍ ചങ്കു തകര്‍ന്നു പോയി.  ആ പിതാവ് വികാര ഭരിതനായി എന്റെ മകനെ കാണാന്‍ ഒരു പട്ടിയും കേറി വരേണ്ടെന്നു പറയുമ്പോഴുമൊക്കെ ആ വേദന അതേ പോലെ എന്റെ ഉള്ളിലും നീറി.  അവര്‍ക്കു മനശ്ശക്തി കൊടുക്കണേ എന്നു ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.  പിന്നീടൊരിക്കല്‍ അവരും ഒരു റിയാലിറ്റി ഷോയിലെ കുട്ടികളും സംവദിക്കുന്ന ഒരു പരിപാടി കണ്ടു.  ഒരു മകനെ നഷ്ടപ്പെട്ടെങ്കിലും ഇന്നു ലോകം മുഴുവന്‍ പല കോണുകളില്‍ നിന്നും സ്വന്തം മക്കളെപ്പോലെ സ്നേഹിക്കുന്നവരുണ്ടെന്നും വിളിക്കാറുമുണ്ടെന്നും, സന്ദീപിന്റെ പേരില്‍ അവര്‍ ഇപ്പോള്‍ പല സേവനങ്ങളും ചെയ്യുന്നു എന്നൊക്കെ പറഞ്ഞു കേട്ടപ്പോഴൊക്കെ അഭിമാനം തോന്നി.

ഈ കഴിഞ്ഞ മെയ് 7 നു കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പോണ്ടിച്ചേരി വണ്ടിക്കായി കാത്തു നില്‍ക്കുകയായിരുന്നു.  യെഷ്വന്തപുര വണ്ടി  സ്റ്റേഷനിലെത്തിയതും ഞങ്ങളിരുന്നതിന്റെ പിന്‍ വശത്തു നിന്നു വണ്ടിയിലേക്കു ഓടിക്കേറിയ ആളുകളില്‍ ഒരു മുഖം മനസ്സിലുടക്കി... ഓര്‍ത്തെടുക്കുമ്പോഴേയ്ക്കും അവര്‍ അകത്തു കടന്നിരുന്നു.  അതവരല്ലേ അമ്മേ.. മേജര്‍ സന്ദീപിന്റെ അമ്മ.. ധനലക്ഷ്മി ഉണ്ണികൃഷ്ണന്‍... അതെ ആണ്.. എനിക്കുറപ്പുണ്ട്.. ച്ഛേ.. ഇത്ര നേരം ഇവിടെയുണ്ടായിട്ട് ഇപ്പോഴാണല്ലോ ദൈവമേ കണ്ടത്... അല്ലെ?

ഞങ്ങള്‍ ശ്രദ്ധിച്ചില്ല.. അവരുടെ കൂടെ വന്നവര്‍ പുറത്തു നില്‍ക്കുന്നുണ്ട്.. നീയൊന്നു പോയി ചോദിച്ച് നോക്ക്.. ഉറപ്പാണെങ്കില്‍.. അനുജന്‍ പറഞ്ഞു.

ആ കേറിയത് മേജര്‍ സന്ദീപിന്റെ അമ്മയും അച്ഛനും അല്ലേ?

അതേ.. ഞാന്‍ സന്ദീപിന്റെ അമ്മയുടെ അനുജത്തിയാണ്.  അവരെ പുറത്തേയ്ക്കു വിളിയ്ക്കണോ?

വേണമെന്നില്ല.. ബുദ്ധിമുട്ടിക്കണ്ട!  അവര്‍ ഉള്ളിലേയ്ക്കു പോയെന്നു തോന്നുന്നു.

അവരോടിത്തിരി നേരം സംസാരിച്ചു.

സന്ദീപിന്റെ പിറന്നാളിനു വന്നതാണ്‍ അവര്‍..

അറിയാം മാര്‍ച്ച് 15 നു അല്ലേ .. കോഴിക്കോട്ടുകാര്‍ എന്നൊരു ഗ്രൂപ്പുണ്ട്.  അതില്‍ കുറെ പേര്‍ പിറന്നാളാശംസകള്‍ ഇട്ടിരുന്നു.  അന്നു ഗ്രൂപ്പിന്റെ ഡിസ്പ്ലേയിലും സന്ദീപ് ആയിരുന്നു.

അതെയോ?  നിഷ കോഴിക്കോട് എവിടെയാണ്? ചെറുവണ്ണൂരാണ് ഞങ്ങളുടെ വീട്.  ഇനി വരുമ്പോള്‍ വരണം.

ഞാന്‍ തിരിച്ചു വന്നു വിശേഷങ്ങളൊക്കെ പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ .. അങ്ങോട്ട് നോക്ക്.. നിന്നെ വിളിക്കുന്നു എന്നു അമ്മ!

തിരിഞ്ഞു നോക്കുമ്പോള്‍ സന്ദീപിന്റെ അമ്മ.  കൈ നീട്ടി വിളിക്കുന്നു.  ഓടിച്ചെന്നു ആ കൈകളില്‍ പിടിയ്ക്കുമ്പോള്‍ എന്തു പറയണം എന്നു അറിയില്ലായിരുന്നു.  സന്തോഷമുണ്ട്.. കാണാന്‍ കഴിഞ്ഞതില്‍.. അഭിമാനവും.. എന്നു പറഞ്ഞൊപ്പിച്ചു.  എന്തൊക്കെ ചോദിച്ചു .. ഞാനെന്തൊക്കെ മറുപടി പറഞ്ഞു എന്നൊന്നും ഒരു ഓര്‍മ്മയുമില്ല.  ഭാരതാംബയ്ക്കു വേണ്ടി ധീരതയോടെ ജീവനര്‍പ്പിച്ച ആ കുഞ്ഞനുജനെ പിടിച്ചു നടത്തിച്ച ആ കൈകള്‍ എന്റെ ഉള്ളം കയ്യില്‍!!!  തൊട്ടു പിന്നില്‍ സന്ദീപിന്റെ അച്ഛന്‍.. ഉള്ളില്‍ പോയി ഒരു കവര്‍ കൊണ്ട് വന്നു.  മകന്റെ പിറന്നാളിന്റെ അന്നു പ്രിന്റ് ചെയ്ത ഒരു ഗ്രീറ്റിംഗ് കാര്‍ഡ്.  ഇതു നിഷയ്ക്കാണ്.. അവരതെന്റെ നേര്‍ക്കു നീട്ടി.. സന്ദീപിന്റെ ചിത്രവും.. സന്ദീപിന്റെ വാക്കുകളും ഉള്ളില്‍ പ്രിന്റ് ചെയ്തിരിക്കുന്നു.

നന്ദി.  ഞാന്‍ വിളിക്കാം... എന്നു പറഞ്ഞു.  അവര്‍ ഫോണ്‍ നമ്പര്‍ തന്നു.  അപ്പോഴേയ്ക്കും അവരുടെ വണ്ടി നീങ്ങിത്തുടങ്ങിയിരുന്നു...



19 comments:

പ്രവീണ്‍ ശേഖര്‍ said...

വായിക്കുമ്പോള്‍ അഭിമാനം തോന്നുന്ന ലേഖനം. സന്ദീപ്‌ എന്ന പേരില്‍ മക്കളുള്ള എല്ലാ അച്ഛനമ്മമാര്‍ക്കും എന്നും അഭിമാനിക്കാന്‍ ഒരേ ഒരു സന്ദീപ്‌ മാത്രമേ ഈ ഭാരതത്തില്‍ ഉള്ളൂ.. ആ അമ്മയെയും അച്ഛനെയും ഒരു നോക്ക് കാണാന്‍ കഴിഞ്ഞ താങ്കളുടെ അഭിമാനവും സന്തോഷവും ഒരു വായനയിലൂടെ എന്നിലെക്കെത്തിച്ച വാക്കുകളെ ഞാന്‍ നമിക്കുന്നു. ഈ നല്ല എഴുത്തിനു അഭിനന്ദനങ്ങള്‍ ..ആശംസകള്‍..

Unknown said...

കണ്ണു നിറഞ്ഞല്ലോ!.

നല്ല എഴുത്ത്

Roshan PM said...

വായിച്ചു. സന്ദീപ്‌ ധീരനായതില്‍ അത്ബുദമില്ല.

Biju Davis said...

Happy(?)Mothers Day, Nisha!

... Touching!

ഷാജു അത്താണിക്കല്‍ said...

ഒരു സല്യൂട്ട്

viddiman said...

മറന്നു പോകാതെ കൊളുത്തി വെക്കേണ്ട ചിലതുണ്ട് എന്നോർമ്മിപ്പിച്ചതിനു നന്ദി..

Muralee Mukundan , ബിലാത്തിപട്ടണം said...

ഇതെഴുതിയതിന് ഒരു ബിഗ് സല്യൂട്ട്...!

Sranj said...

Thank you all!

Unknown said...

അടടാ.. മേഡിക്കലുകാര്‍ ഇവിടേം ണ്ടോ? ബ്ലോഗു വായിച്ചു, പിന്നെ പ്രൊഫൈല് വായിച്ചപ്പഴല്ലേ ഞാന്‍ ഞെട്ടിയത്. സന്ദീപ്‌ എന്റെയും ഒരു വിങ്ങലാണ്, പോസ്റ്റിനു നന്ദി.

Sranj said...

നന്ദി പ്രവീണ്‍

Sranj said...

നന്ദി സുമേഷ്

Sranj said...

നന്ദി റോഷന്‍

Sranj said...

Thanks Biju

Sranj said...

നന്ദി ഷാജു

Sranj said...

നന്ദി viddiman..

Sranj said...

നന്ദി Muralee Mukundan

Sranj said...

മേഡിക്കലുകാര്‍ ?? അതെന്താ?

Sranj said...

ഇന്നാ കടം വീടി സന്ദീപ്‌ ഇനി താങ്കളുടെ മുഖത്തേയ്ക്കു ഞങ്ങള്‍ക്ക് കുറ്റബോധമില്ലാതെ നോക്കാം!

GST Courses Delhi said...

Awesome work.Just wanted to drop a comment and say I am new to your blog and really like what I am reading.Thanks for the share