അത് വാഴയിലയില്‍ പൊതിയണം.. ആ പാത്രം വനജടെ വീട്ടിലേക്കാണ് ... പുഷ്പേ.. ഇതൊന്നു കവറിലാക്കി കൊടുക്ക് ...
അടുക്കളയില്‍ ബിരിയാണി പൊതിയല്‍ തകൃതി!
പുറത്ത് പന്തല്‍ പിരിക്കലും ബഹളവും!
പുയ്യാപ്ല അനുജന്മാരും കൂട്ടുകാരുമൊത്ത് സൊറ പറഞ്ഞിരിക്കുന്നു ...
ഒറ്റയ്ക്കായ പോലെ ഇരിക്കുമ്പോഴാണ് പദ്മ രക്ഷയ്ക്കെത്തിയത് ... ഇത് പുഷ്പ്പെളേമ.. ഇത് ബേബിയെളേമ.. പൊന്നു.. വിദ്യ..അവള് ഓരോരുത്തരെയായി പരിചയപ്പെടുത്തി... ആരും പറയില്ല അവള് ഒരു മറാത്തിയാണെന്നും ആ കുടുംബത്തിലെത്തിയിട്ട് മൂന്നു മാസമേ ആയിട്ടുള്ളൂ എന്നും. അത്ര പെട്ടെന്ന് മലയാളവും മത്തിക്കറിയും എല്ലാം അവള് വശത്താക്കി കഴിഞ്ഞിരുന്നു...
നമുക്ക് അമ്മച്ചിയോട് വര്‍ത്താനം പറഞ്ഞിരിക്കാം ...
അമ്മച്ചി ഒരു സോഫയിലിരുന്നു TV കാണുകയായിരുന്നു .. ഞങ്ങള്‍ അമ്മച്ചിയുടെ വലതും ഇടതുമായി ഇരുന്നു. മൂന്നു മാസങ്ങളുടെ വ്യത്യാസത്തില്‍ ആ വീട്ടിലെ മരുമക്കളായവര്‍...
"അമ്മച്ചി എന്താ ആലോചിക്കുന്നത്?"
"ഈ വീടിനു വലുപ്പം പോര .. മൂന്നു കിടപ്പ് മുറിയല്ലേ ള്ളൂ.. പാവം കുഞ്ഞോന്.. സോഫയില്‍ കിടക്കണ്ടേ ഇന്ന്? നമ്മടെ കടലുണ്ടീലെ വീട്ടില്‍ തോനെ മുറി ണ്ട് .. പറഞ്ഞിട്ടെന്താ കാര്യം.. ഓരോരുത്തര് ഓരോ ദിക്കിലല്ലേ?"
"അമ്മച്ചിക്കെത്ര മക്കളുണ്ട്?"
അമ്മച്ചി ഓരോരുത്തരെയായി പറഞ്ഞു... എല്ലാം കിറുകിറുത്യം .. ഞങ്ങളോട് പതിദേവന്മാര് പറഞ്ഞതും അന്ന് കല്യാണത്തിനു കണ്ടവരും ... പക്ഷെ അവസാനം ഒരു "ചെറിയ മോന്റെ" കാര്യം പറഞ്ഞത് മനസ്സിലായില്ല..
"ഓനെപ്പഴും തെരക്കാ.. ചായപ്പൊടിക്കച്ചോടാണ് പണി..."
ഞങ്ങള്‍ പരസ്പരം നോക്കി.. ഒരു പിടിയുമില്ല ..
"ഇന്ന് കല്യാണത്തിനു വന്നിരുന്നോ അമ്മച്ചി?"
"ഓനെങ്ങന്യാ വര്വാ... ഓന് ജയിലിലല്ലേ?"
"ജയിലിലോ? അതെന്തേ?"
"അത് ശേഖരന്റെ കയ്യ് വേട്ടീലെ? അതോണ്ടാ... ആ ശേഖരന് ഒരു ചവണയാണ് .. അതോണ്ട് ന്റെ മോന് ഓന്റെ കയ്യങ്ങുട്ട് വെട്ടി!"
ഈശ്വരാ..! നല്ല കുടുംബം .. വെറുതെയല്ല ഇവര്‍ നമ്മളോട് ഈ കഥ ഒളിച്ചു വച്ചത്... ന്റുപ്പുപ്പാന്റെ ആനക്കഥകളൊക്കെ പറഞ്ഞ അവര്‍ ഇത് മനപ്പൂര്‍വം നമ്മളോട് പറഞ്ഞില്ല!!! ഞങ്ങളങ്ങനെ സംസാരിച്ചിരിക്കുമ്പോള്‍ കുഞ്ഞോന് അവിടേക്ക് വന്നു.
അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ ചോദിച്ചിട്ട് തന്നെ കാര്യം!
"ഏതു ചെറിയ മോന്?.. ചായപ്പൊടിക്കച്ചോടോ?"എനിക്കറിയില്ലല്ലോ ?
ഞങ്ങള്‍ പിന്നെയും വിട്ടില്ല.. ആ "ഭീകര സത്യം" പുറത്തെടുത്തു ..
ഒരു ഞെട്ടല്‍ പ്രതീക്ഷിച്ച ഞങ്ങളെ അവന് ഞെട്ടിച്ചു ... വീണുരുണ്ട് ചിരിക്കാന്‍ തുടങ്ങി എല്ലാവരും ..
"ചേച്ചി.. ആ മോന്റെ പേരൊന്നു ചോദിക്ക് അമ്മച്ചിയോട്..!"
അത് കേട്ട പാതി അമ്മച്ചി പറഞ്ഞു "നീലകണ്ടന്!"
കുഞ്ഞോന് അത് മുഴുമിപ്പിച്ചു .. "മംഗലശ്ശേരി നീലകണ്ടന്!"
അമ്മച്ചി "ദേവാസുരം" ഒരു പത്ത് മുപ്പതു പ്രാവശ്യം കണ്ടിട്ടുണ്ടാവും .. അതിനെങ്ങനെയാ മാമന് ലാലേട്ടന്റെ സിനിമ കാസെറ്റുകള്‍ ശേഖരിച്ചു വച്ചിരിക്കുകയല്ലേ... മാമനൊരു അടിപൊളി ലാലേട്ടന് ഫാന്‍ ആണ്..
പിന്നീടൊരിക്കല്‍ അമ്മച്ചി ഒരു വരിക്കച്ചക്ക ആരെയും തൊടാന്‍ സമ്മതിക്കാതെ വച്ചിരുന്നു.. നീലകണ്ടന് കൊടുക്കാന്‍ ... മോന് രാമനാട്ടുകരയില്‍ ഷൂട്ടിങ്ങിന് വന്നിട്ടുണ്ടെന്നും പോയി കൊടുക്കാമെന്നും പറഞ്ഞത് കൊണ്ട് മാത്രം അമ്മച്ചി പേരക്കുട്ടികള്‍ക്ക് സമ്മതം കൊടുത്തത്രേ... അമ്മയൊരിക്കല്‍ വാങ്ങികൊടുത്ത മുണ്ട് ആവശ്യമില്ലെന്ന് പറഞ്ഞു നീക്കി വച്ചുവത്രേ .. പിന്നെ അതും മോന് കൊടുത്തയച്ചതാനെന്നു പറയേണ്ടി വന്നു അമ്മയ്ക്ക്..
അമ്മച്ചിയിലും അമ്മച്ചിയുടെ മക്കളിലും അവസാനിക്കുന്നില്ല ഈ ഭ്രമം!
മൂന്നാം തലമുറയിലാണ് ഏറ്റവും കൂടുതല്‍ ... ലാലേട്ടന്റെ കാലഘട്ടത്തില്‍ ജീവിക്കുന്നത് തന്നെ മഹാഭാഗ്യം എന്ന് വാദിച്ചു ജയിക്കുന്നവര്‍!
അന്ന് ഒരു വിവാഹക്ഷണക്കത്ത് ഡിസൈന്‍ ചെയ്യുകയായിരുന്നു പദ്മ..
"മധുവേട്ടാ .. നിങ്ങള്‍ ആരാധിക്കുന്ന ദൈവം ആരാണ്?"
"മോഹന്‍ ലാല്‍"... ഉത്തരം ശടേന്ന് വന്നു!
"അയ്യോ അതല്ല.. ദൈവം.. ഈ കല്യാണക്കത്തിന്റെ ആദ്യം ഇടാനാ.. ഗണപതിയാണെങ്കില്‍ "ഗണപതയേ നമ:"... ശിവനാണെങ്കില്‍ "നമശിവായ".. ദേവിയാണെങ്കില്‍ "അമ്മേ നാരായണ" അതുപോലെ ...
"ഓ പഞ്ച് ലൈന്‍! ങ്ങള് - നീ പോടാ മോനെ ദിനേശാ ന്ന് ഇട്ടോ .. അല്ലെങ്കില്‍ സവാരി ഗിരി ഗിരി..
ഒരു കൂട്ടച്ചിരിയില്‍ ആ ഡിസൈനിംഗ് അവസാനിച്ചു .. കത്തിലെന്തടിച്ചു എന്നോര്‍മ്മയില്ല!
അവിടെയും അവസാനിക്കുന്നില്ല ...
അവധിക്കാലം കഴിഞ്ഞ് പോണ്ടിച്ചേരിയിലേക്ക് വരുന്ന തീവണ്ടിയില്‍ കുറെ നഴ്സിംഗ് വിദ്യാര്‍ഥിനികള്‍.. അവരേതോ സെമിനാറില്‍ പങ്കെടുക്കുവാന്‍ വരുകയായിരുന്നു..
"കുട്ടാ .. നീ ഏതു ക്ലാസ്സിലാ?"
"ഞാന്‍ ഒന്നാം ക്ലാസ്സില്‍"
"പോണ്ടിച്ചേരിയില്‍ തമിഴല്ലേ .. നിനക്ക് വിജയ് ആണോ രജിനിയാണോ ഇഷ്ടം?"
"എനിക്ക് നരന്!"
"ഓ.. നരൈന് .."... എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ ... അവരില്‍ ചിലര്‍ പാടി തുടങ്ങി.
"നരൈനേം ഇഷ്ടാണ്.. പക്ഷെ ഞാന്‍ പറഞ്ഞത് നരന്..."
ഓ ഓ ഓ ...ഞാനൊരു നരന്.. പുതു ജന്മം നേടിയ നരന്... അവനും തിരിച്ചു പാടി..
"അതെന്താ മമ്മുട്ടി അങ്കിളിനെ ഇഷ്ടല്ലാ?"...
"ഇഷ്ടാണ് .. പക്ഷെ നരന്റെ മസ്സില് കണ്ടിട്ടുണ്ടോ?".. ഇങ്ങനെ.. അവന് സര്‍വ്വ ശക്തിയുമെടുത്തു അവന്റെ കൈ മടക്കി മസ്സില് പെരുപ്പിക്കാന്‍ ശ്രമിച്ചു...
പുത്രന്റെ മനസ്സില്‍ ഈ ആരാധന പൊട്ടി മുളച്ചത് അത് വരെ അറിവില്ലാതിരുന്ന ഞങ്ങള്‍ പരസ്പരം നോക്കി ...
മകനായി... സുഹൃത്തായി ... ജ്യേഷ്ടനായി... ഗുരുവായി.. നാലു തലമുറയെ കയ്യിലെടുത്ത ആറാം തമ്പുരാന്!