Monday, April 26, 2010

അതെവിടെ?

രംഗം ഒന്ന് 

പതി ദേവന്‍ പതിവ് പോലെ തിരക്കിലാണ് .... എട്ടേ മുക്കാല് വരെയുള്ള പത്രം വായന കഴിഞ്ഞ് ഒന്‍പതു മണിക്കുള്ളില്‍ ഉള്ള പതിനഞ്ചു മിനിട്ട് കൊണ്ട് റെഡി ആയാലെ ഒന്പതെ അഞ്ചിനുള്ള ബസ്‌ കിട്ടുകയുള്ളൂ .. എന്നാലേ ഒന്പതരക്കുള്ളില്‍ കാര്‍ഡ് സ്വൈപ്പാന്‍ പറ്റുകയുള്ളൂ... അവിടന്ന് പുറപ്പെടാന്‍ എത്ര വൈകിയാലും ഓഫീസില്‍ എത്താന്‍ ഒരിക്കലും വൈകാത്ത വിശ്വസ്ത സേവകന്‍..

ഈ പതിനഞ്ചു മിനിറ്റ് അടുക്കളയിലും തകൃതി പണി.. ഒരടുപ്പില്‍ ദോശ.. മറ്റേതില്‍ സാംബാര്‍... ഹേയ്... ചായ ഇപ്പോഴല്ല! കുളി കഴിഞ്ഞ് പ്രാര്‍ത്ഥിക്കാന്‍ പോകുമ്പോഴേ ചായ വയ്ക്കാവൂ.. എന്നാലേ ദോശക്കൊപ്പം ആവി പറക്കുന്ന ചായ കൊടുക്കാന്‍ പറ്റുള്ളൂ... ഇനി ചൂടെങ്ങാനും കുറഞ്ഞാല്‍ "എടോ.. ചായക്ക് നേരിയൊരു പനി.. പാരസെറ്റമോള്‍ വേണ്ടി വരും!" അല്ലെങ്കില്‍ "നീയിതു വെയിലത്തെങ്ങാനും വച്ചിരുന്നോ .. ഇതിനെന്താ ഒരു ചെറിയ ചൂട്" എന്നൊക്കെ കേള്‍ക്കേണ്ടി വരും ...

എടോ.. അതെവിടെയാ .... കുളി കഴിഞ്ഞു പ്രാര്‍ത്ഥനയും കഴിഞ്ഞു പുറപ്പെടുകയായി.. എന്നത്തെയും പോലെ ഈ "അത്" മനസ്സിലുണ്ട് .. ഞാനത് മാനത്തു കാണണം...!!!

ഏത്?

അതെടോ.....ആ അത്..

ങ്ഹൂം... ഒരു പിടിയുമില്ല ... ഏതായാലും പോയി നോക്കാം.. ചായപ്പണി അവിടെ നിര്‍ത്തി...

ഒരു ഷര്‍ട്ട്‌ കയ്യില്‍ പിടിച്ചിട്ടുണ്ട് .. അപ്പോപിന്നെ ഷര്‍ട്ട് അല്ലായിരിക്കും തിരയുന്നത് .. എന്ന് ഞാന്‍ ഊഹിച്ചു...

സോക്സ്‌ ആണോ തിരയുന്നത്?

അല്ലെടോ, മറ്റേ അത് എവിടെ? ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ തിരക്കിട്ട തിരച്ചിലിലാണ് പാവം.. ഇനി ഏതാനും നിമിഷങ്ങള്‍ മാത്രം... ഒന്പത്തെ അഞ്ചിന്റെ ബസ്‌ ഇപ്പോഴെത്തും ...

ഓ.. എങ്കില്‍ പിന്നെ പാന്‍റ് ആയിരിക്കും ..കയ്യിലുള്ള ഷര്ട്ടിനു മാച്ചു ചെയ്യുന്ന ഒരു പാന്റെടുത്തു നീട്ടി..

അത് കയ്യില്‍ നിന്നും പിടിച്ചു വാങ്ങി തിരിച്ചു അലമാരയില്‍ തന്നെ വച്ചു, എന്നിട്ട് ദഹിപ്പിക്കുന്ന ഒരു നോട്ടം!

ഇതല്ലെടോ! മറ്റേ അത്! .... ശബ്ദത്തിന് അല്‍പ്പം കട്ടി കൂടിയോ?

ദൈവമേ... ഞാന്‍ സഹായിച്ചതല്ലേ?

ങാ കിട്ടി!

ദേ.. കയ്യില്‍ വേറൊരു ഷര്‍ട്ട് ..

അപ്പോ ഷര്‍ട്ടല്ലേ കയ്യില്‍ ഉണ്ടായിരുന്നത്? പിന്നെന്താ?

അല്ല... ഇന്ന് അതല്ല ഇതാണ് വേണ്ടത്!

“ചായ എടുത്തു വച്ചല്ലോ അല്ലെ?”

അയ്യോ ഇല്ല ....ഞാന്‍ ഷര്‍ട്ട് തിരയാന്‍ വന്നപ്പോ സ്റ്റവ് ഓഫാക്കി!

എന്നിട്ട് നീയാണോ കണ്ടുപിടിച്ചത് .. ഞാനല്ലേ?

ഇത് പഴയ കഥ !

രംഗം രണ്ട്


പശ്ചാത്തലം അത് തന്നെ .... പത്രം തലേക്കെട്ട് മുതല്‍ ലാസ്റ്റ് പേജിലെ ലാസ്റ്റ് ന്യൂസ്‌ വരെ വായിച്ചു കഴിഞ്ഞു... ഇനിയുള്ള തിരക്ക് പിടിച്ച ആ പതിനഞ്ചു മിനിട്ടുകള്‍ ... പതിവുകളിലൊന്നും ഒരു വീഴ്ചയുമില്ല !!

എടോ .. അതെവിടെ?

ഇപ്രാവശ്യം അനങ്ങിയില്ല! ചിരിച്ചു കൊണ്ട് പറഞ്ഞു... ങാ അതല്ലേ? അത് അവിടെയുണ്ടല്ലോ.. ഞാന്‍ പുട്ടുങ്കുറ്റിയില്‍ തേങ്ങയിട്ടു തുടങ്ങി ... ഇന്നത്തെ "അത്" എന്താണെന്നും എനിക്കറിയില്ല!

ഇത്തവണ ഞെട്ടിയത് ഞാനല്ല!! “ഏത്?” ചോദ്യം എന്നോടാണ്!

ഞാനും വിട്ട് കൊടുത്തില്ല .. പുട്ടുങ്കുറ്റിയില്‍ അരിപ്പൊടിയിട്ട് കൊണ്ട് ഞാന്‍ പറഞ്ഞു "ആ അതല്ലേ .. മറ്റേ അത് .. അത് അവിടെ വച്ചിട്ടുണ്ട് ...ആ അതിന്റെ മോളില്!!

വീണ്ടും തേങ്ങയിട്ടു കൊണ്ട് ഞാന്‍ ആ രംഗം ഭാവനയില്‍ കണ്ടു.. ആ റൂമിലെ എല്ലാ "മുകള്" കളും തിരയുന്ന പതിദേവന്‍..!..

മറ്റേ അടുപ്പത്തു ചായയുടെ വെള്ളം തിളക്കുന്നു ..

ങാ കിട്ടി!

ഞാന്‍ പറഞ്ഞില്ലേ അവിടെയുണ്ടെന്ന്!...

ചൂടുള്ള പുട്ടും കടലയും റെഡി ... ആവി പറക്കുന്ന ചായയും റെഡി... അതെ സമയം ആ "അത്" തിരയാന്‍ സഹായിക്കുകയും ചെയ്ത ഉത്തമ ഭാര്യ!!!

സത്യമായിട്ടും ഈ "അത്" എന്തായിരുന്നൂന്നു എനിക്കിപ്പോഴും അറിയില്ല ...

വിവര്‍ത്തനം: http://ranjusanju.blogspot.com/2009/11/athevide.html

9 comments:

മാണിക്യം said...

അച്ഛമ്മയുടെ പിറകെ നടന്ന കുട്ടി ! ഇപ്പോൽ നല്ല ഇരുത്തം വന്ന വീട്ടമ്മ ..
പുട്ടിനും കടലക്കും ദോശക്കും സാമ്പാറിനും നല്ല സ്വാദ് ..
ഒപ്പം അതിന്റെ മർമ്മം പഠിച്ചല്ലോ അതാണു കുട്ടീ ഈ ജീവിതവിജയം എല്ലാം ചെയ്യുക മാത്രം പോരാ ചെയ്തു എന്നു മറ്റുള്ളവർക്കു തോന്നുകയും വേണം .... ഒന്നാം രംഗം ചെയ്തു കൂടെ നിന്നു സ്വന്തം ജോലി ഇട്ടിട്ട് തിരഞ്ഞു എന്നിട്ടോ .. ഓരുവിൽ ജോലിയിൽ വീഴ്ചയും എന്നിട്ട് നീയാണോ കണ്ടുപിടിച്ചത് .. ഞാനല്ലേ? എന്ന ചോദ്യവും
രംഗം രണ്ട്
അതാണു പരിചയ സമ്പന്ന സ്വന്ത ജോലിക്ക് മുന്ഗണന അതെ സമയം സഹായഹസ്തം നിന്നിടത്തു നിന്ന് നീട്ടി ..

വായിച്ചിട്ട് ചിരിചു തല തല്ലീ

ഇനി ചൂടെങ്ങാനും കുറഞ്ഞാല്‍
"എടോ.. ചായക്ക് നേരിയൊരു പനി.. പാരസെറ്റമോള്‍ വേണ്ടി വരും!"
അല്ലെങ്കില്‍
"നീയിതു വെയിലത്തെങ്ങാനും വച്ചിരുന്നോ .. ഇതിനെന്താ ഒരു ചെറിയ ചൂട് ?"

ശ്രീ said...

ഇത് ഇടയ്ക്ക് വീട്ടിലും നടക്കാറുണ്ട്. എന്തെങ്കിലും പണികള്‍ക്കിടയില്‍ അച്ഛന്‍ പെട്ടെന്ന് വന്ന് ഞങ്ങളോട് പറയും... "ആ അതൊന്നു എടുത്തു തന്നേ" എന്നോ മറ്റോ. എന്ത് എന്ന് അന്തം വിട്ടു നില്‍ക്കുമ്പോള്‍ വെറുതേ സമയം കളയുന്നതിന് ഞങ്ങളെ ചീത്തയും പറയും.

പിന്നെപ്പോഴെങ്കിലും എല്ലാവരും കൂടി ഇതും പറഞ്ഞ് ചിരിയ്ക്കുകയും ചെയ്യും :)


നല്ല പോസ്റ്റ്

jayanEvoor said...

ബ്രില്ല്യന്റ്!

Mohamedkutty മുഹമ്മദുകുട്ടി said...

ഈ “അത്” എല്ലായിടത്തും കാണും. വായിച്ച് രസം മൂത്തപ്പോള്‍ ഒറിജിനല്‍ ഇംഗ്ലീഷും ഒന്നും തപ്പി.പക്ഷെ ഈ ഒരു രസം “അതി”നില്ല!. അത് മലയാളം വരുന്നതിന്‍ മുമ്പ് പോസ്റ്റിയതാവുമല്ലെ. ഞാന്‍ വരാന്‍ വൈകിയതിനാല്‍ കുറെ മനസ്സിലാക്കാനുണ്ട്. എന്നാലും “അതിന്റെ” ഒരു “ഇത്!”

Rare Rose said...

ഹി.ഹി.നന്നായി രസിച്ചു വായിച്ചു ട്ടോ.:)
ഈ ‘അത്’ സംഭവം എല്ലാ വീട്ടിലും ഉള്ളതാണല്ലേ.ഇടയ്ക്കിടയ്ക്ക് വീട്ടില്‍ അച്ഛനിതു പോലെ വന്നു ഈ ‘അതെവിടെ’ ചോദ്യം ചോദിച്ച് ഞങ്ങളെയും ഇതു പോലെ ചുറ്റിക്കാറുണ്ടു.എന്നാലേതാണെന്നു ചോദിച്ചാല്‍ ഇതില്‍ പറഞ്ഞ പോലെ വ്യക്തമായിട്ടു പറയുകയും ഇല്ല.:)

Sranj said...

മാണിക്യം ചേച്ചി .. ഇത് പോലെ കുറെ പാഠങ്ങള്‍...
ഇപ്പോള്‍ വിഷമങ്ങളില്ല.. ഞെട്ടലുകളില്ല.. ജീവിതത്തിന്റെ ആ "അത്" ഇല്ലേ .. അത് മനസ്സിലാക്കിയാല്‍ ജീവിതം രസകരം...

അതെ ശ്രീ .. പിന്നീട് ചിരിക്കുള്ള വകയാണെങ്കിലും .. ആ സമയത്ത് ഈ "അത്" വരുത്തുന്ന ടെന്‍ഷന്‍ കുറച്ചൊന്നുമല്ല ...

ജയേട്ടന്‍..താങ്ക്യു ...

അല്ലെങ്കിലും ഹൃദയത്തിന്റെ .. മനസ്സിന്റെ ഭാഷയില്‍ പറയുമ്പോള്‍ കിട്ടുന്ന "അത്" വേറേതു ഭാഷയിലും കിട്ടില്ല മമ്മൂട്ടിക്ക ... എഴുത്തുകാരനും .. വായനക്കാരനും ... അതെ അത് മലയാളത്തില്‍ വരുന്നതിനു മുന്‍പ് പോസ്റ്റിയതാണ്.. മലയാളത്തില്‍ പിച്ച വച്ച് തുടങ്ങീട്ടേ ഉള്ളൂ.. ഇംഗ്ലീഷിലും അധിക കാലമൊന്നുമായിട്ടില്ല ..

അതുശരി.. അപ്പോള്‍ "അതിന്‌" കോപ്പി റൈറ്റ് എടുക്കാന്‍ പറ്റില്ലല്ലേ ... എല്ലാ വീട്ടിലും "അത്" ഒരു പ്രശ്നമാണെന്ന് തോന്നുന്നു .. പിന്നെ റോസിന്റെ ബ്ലോഗ്‌ വായിച്ചു.. ഒരു പരിണാമ സിദ്ധാന്തം എന്‍റെ മുന്നിലും ഉരുണ്ടു കാണിച്ചു പേടിപ്പിച്ചു... എന്തെങ്കിലും ചെയ്യണം!!! ;-)

ഒരു യാത്രികന്‍ said...

അതിഷ്ടപ്പെട്ടു....ഹോ ആ അതിന്റെ ഒരിത് , ഗംഭീരം ..........സസ്നേഹം

കുഞ്ഞൂസ് (Kunjuss) said...

ആ "അത്" ആദ്യ കാലത്ത് വല്ലാതെ കുഴക്കിയിരുന്നു.പിന്നെ അതിന്റെ മര്‍മം അറിഞ്ഞപ്പോള്‍,കൃത്യമായി പറഞ്ഞുകൊടുക്കാന്‍ കഴിയുന്നു.....(സത്യത്തില്‍,എന്റെ ഓര്‍മശക്തിക്ക് അഭിനന്ദനം കിട്ടുമ്പോഴും ആ "അത്"എന്താണെന്നു എനിക്കൊരിക്കലും പിടികിട്ടിയിട്ടുണ്ടാവില്ല ട്ടോ...)ഇവിടെ "അത്"മാത്രമല്ല ഉള്ളത്,"അവര്‍" "അവിടെ"അങ്ങിനെ കുറെ കാര്യങ്ങള്‍ !!

Sranj said...

ഒരു യാത്രികന്‍.. നന്ദി

കുഞ്ഞുസ് .. അതെയതെ .. ഇവിടെയും കഥ അങ്ങിനെ തന്നെ ..